എക്സര്‍സൈസ് ചെയ്യുന്ന മടിയന്മാർക്ക് ഒരു മാർഗരേഖ

എക്സര്‍സൈസ് ചെയ്യുന്ന മടിയന്മാർക്ക് ഒരു മാർഗരേഖ



1. "ബീഫ് കുറച്ചൊക്കെ കുത്തിക്കേറ്റ്, വല്ല കൊളസ്ട്രോളും വരും", എന്ന വീട്ടുകാരുടെ പുച്ഛത്തെ "എക്സര്സൈസ് ചെയ്യുന്ന എന്നോടോ?" ഇങ്ങനെ തിരിച്ചു ചോദിച്ചു അവരെ അങ്ങു ഇല്ലാതാക്കാൻ മറക്കരുത് 


2. ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം എക്സൈസ് ചെയ്യുക. ഇന്ന് ചെയ്താൽ നാളെ ചെയ്യേണ്ടല്ലോ എന്ന ചിന്ത ഇന്ന് എക്സര്സൈസ് ചെയ്യാൻ മോട്ടിവേഷൻ തരും. എങ്കിലും ആഴ്ചയിൽ പരമാവധി 3 ദിവസം എന്ന രീതിയിൽ എക്സര്സൈസ് നിജപ്പെടുത്തുക. അല്ലെങ്കിൽ അത് നമ്മുടെ ക്യാരക്ടറിനെയും മടിയേയും ബാധിക്കും.


3. 21 ദിവസം തുടർച്ചയായി എക്സര്സൈസ് ചെയ്താല് ശീലമാകും, 30 ദിവസം ചെയ്താൽ ശീലമാകും എന്നൊക്കെ മോട്ടിവേഷൻ കാര്‌ പറയും, നമ്പാതെ. ഞാൻ തന്നെ ഇപ്പൊ നാല് വർഷം കഴിഞ്ഞു, ഇത് വരെ ശീലം ആയിട്ടില്ല.


4. നമ്മൾ എക്സര്സൈസ് ചെയ്തു തുടങ്ങുമ്പോൾ സൽമാൻ ഖാൻ ആകാൻ വേണ്ടിയാണ് ശിൽപ്പാ ഷെട്ടി ആകാൻ വേണ്ടിയാണ് എക്സർസൈസ് ചെയ്യുന്നത് എന്നൊക്കെ തോന്നും, പക്ഷെ വാസ്തവത്തിൽ കഴിഞ്ഞ വർഷം ഈ സമയത്തുള്ള നമ്മൾ ആകാൻ വേണ്ടിയാണ് നമ്മൾ ശരിക്കും ഈ കഷ്ടപ്പാടൊക്കെ സഹിക്കുന്നത്. ആ വെയിറ്റിൽ എത്താൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു.


5. ജിമ്മിൽ പോയി എക്സര്സൈസ് ചെയ്യാൻ പ്ലാൻ ഇടുന്നവർ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ജിം കണ്ടെത്തുക. സ്റ്റെപ്പ് കേറേണ്ട ബുദ്ധിമുട്ട് കൊണ്ട് എക്സര്സൈസ് മുടങ്ങി പോകുന്നത് ഒഴിവാക്കാം. ലിഫ്റ്റിനെ വിശ്വസിക്കരുത്, മെയിന്റനൻസ്, കറന്റ് പോക്ക് ഇതൊക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.


6. കാറുള്ളവർ കാറിലോ, അല്ലാത്തവർ ഓട്ടോറിക്ഷയിലോ ജിമ്മിലേക്കും, തിരിച്ചും യാത്ര ചെയ്യുക. റോഡിലെ പട്ടി ശല്യം, മഴ, പൊടി എന്നീ കാരണങ്ങൾ പറഞ്ഞു എക്സര്സൈസ് മുടങ്ങുന്നത് ഒരുപരിധി വരെ ഒഴിവാക്കാം. ആഗോളതപനം, അമേരിക്കൻ ഇലക്ഷൻ തുടങ്ങിയ അന്താരാഷ്ട്ര കാരണങ്ങൾ മൂലവും ചിലപ്പോൾ എക്സര്സൈസ് മുടങ്ങുന്നതാണ്.


7. യാതൊരു കാരണവശാലും മറ്റുള്ളവർ ശ്രദ്ധിക്കുന്ന രീതിയിൽ എക്സർസൈസ് ചെയ്യരുത്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാത്ത വിധത്തിൽ ജിമ്മിലെ തിരക്കുള്ള സമയം എക്സര്സൈസിന് വേണ്ടി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. "ഡേ, ഇത് ഇങ്ങനെയെല്ല, കൈ മടങ്ങരുത്, ശ്വാസം താഴോട്ട് വലിക്കണം, മുട്ടു എൽ ഷേപ്പിൽ വരണം, നടു നിവർത്തരുത്" എന്നൊക്കെയുള്ള കമന്റുകൾ കേൾക്കുന്നത് ഒഴിവാക്കാം. മൂത്ത ജിമ്മൻമാർ കണ്ണിൽ ചോര ഇല്ലാത്തവരാണ്, സാധാരണക്കാരുടെ പ്രശ്നങ്ങൾ അവർക്ക് മനസിലാകില്ല.


8. ഫാനോ, എസിയോ ഇഷ്ടമുള്ള സ്പീഡിൽ ഓൻ ചെയ്ത് എക്സര്സൈസ് ചെയ്യുക. അല്ലാണ്ട് കഷ്ടപ്പെട്ട് ശ്വാസം കിട്ടാതെ നമ്മൾ എങ്ങാനും മരിച്ചാൽ പത്രക്കാർ ചരമക്കോളത്തിൽ കൗതുക വാർത്ത എഴുതി  നമ്മുടെ കുടുംബം അടക്കം നാറ്റിക്കും.


9. ഇനിയിപ്പോൾ എക്സര്സൈസ് ചെയ്യുന്നില്ലെങ്കിലും, ടീ ഷർട്ടും, ട്രാക്ക് പാന്റ്‌സും ഇട്ട് തോളത്ത് ഒരു ബാഗും തൂക്കി പുറത്തേക്ക് ഇറങ്ങുകയും, വല്ല വെയിലും കൊണ്ട് അല്പം ശരീരം വിയർപ്പിച്ചു മുക്കാൽ മണിക്കൂർ കഴിഞ്ഞ് വിയർത്തു കുളിച്ചു വീട്ടിലേക്ക് തിരിച്ചു വരികയും ചെയ്യുക. പ്രോട്ടീൻ ഡെഫിഷ്യൻസിയാണ് എന്ന് പറഞ്ഞു ബീഫും, ചിക്കനും, മുട്ടയും പനീറൂം, പ്രോട്ടീൻ പൗഡറും അടിച്ചു കയറ്റാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്.


10. അധികം വിഷമിക്കാനൊന്നും ഇല്ല, എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്സിന്റെയും വളർച്ച എക്സര്സൈസ് കുറച്ചു വർഷങ്ങൾക്കകം പൂർണമായും ഓട്ടോമേറ്റ് ചെയ്യും, നമ്മൾ ഉറങ്ങുമ്പോൾ നമ്മൾ അറിയാതെ, നമ്മളെ ഉണർത്താതെ എടുത്തോണ്ട് പോയി എക്സര്സൈസ് ചെയ്യിച്ചു തിരിച്ചു കൊണ്ടു വന്ന് കിടത്തുന്ന ഒരു മെഷീൻ ആണ് ഞാൻ സ്വപ്നം കാണുന്നത്.

You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.