എന്താണ് വജൈനിസ്മസ്? വിവാഹിതരായ ആളുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്താണ് വജൈനിസ്മസ്?  വിവാഹിതരായ ആളുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

What is vaginismus


എന്താണ് ഡിസ്പർയൂനിയ?

കല്യാണം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ഒരു ചെറുപ്പക്കാരൻ ഗൂഗിൾ സേർച്ച് ചെയ്ത് നോക്കുകയാണ് 'Female pain during sexual intercourse' (ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളിൽ ഉണ്ടാകുന്ന വേദന ) സെർച്ച് ചെയ്ത റിസൾട്ടിൽ ഈ അവസ്ഥയെ വിളിക്കുന്ന പേരെന്തെന്ന് അവൻ കണ്ടു "Dyspareunia".

ഈ അവസ്ഥയെ കുറിച്ച് വായിച്ചപ്പോൾ അവന്റെ മനസ്സിൽ ആദ്യം തോന്നിയത് ഇതെന്ത് വായിൽ കൊള്ളാത്ത പേരാണെന്നാണ്.
ഓരോ ലേഖനങ്ങളിലൂടെയും അവൻ കണ്ണോടിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളിൽ വേദന ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത് ഇത്രയും വലിയ സംഭവം ആയിരുന്നോ. അവന്റെ മനസ്സിൽ ചോദ്യങ്ങൾ കൂടി കൂടി വന്നു.

ഇതിൽ പറയുന്നത് പോലെയുള്ള മെഡിക്കൽ കണ്ടീഷൻ ഒന്നും എന്റെ ഭാര്യക്കില്ല,പിന്നെ എന്തായിരിക്കും അവളിലെ വേദനയ്ക്ക് കാരണം. അവൻ ഒന്ന് കൂടി ഓരോ ആർട്ടിക്കിളും വിശദമായി വായിച്ചു നോക്കി. അപ്പോളാണ് അവൻ ആ പേര് കണ്ടത്. 

"VAGINISMUS"

What is Vaginismus


ചില സ്ത്രീകളിൽ, യോനിയിലെ പേശികൾ അനിയന്ത്രിതമായി അല്ലെങ്കിൽ സ്ഥിരമായി ചുരുങ്ങുന്ന അവസ്ഥയാണ് വജൈനിസ്മസ്. മനപ്പൂർവ്വം അല്ലാത്ത ഈ സങ്കോചങ്ങൾക്ക് ലൈംഗിക ബന്ധം തടയാനോ വളരെ വേദനാജനകമാക്കാനോ കഴിയും.

Vaginismus Causes


വജൈനിസ്മസിന് എല്ലായ്പ്പോഴും ഒരു പ്രേത്യേക കാരണം ഉണ്ടാകണമെന്നില്ല. എന്നാൽ ലൈംഗികതയെ സംബന്ധിച്ച തെറ്റിദ്ധാരണകളും, പേടിയും, ഉത്കണ്ഠയും പ്രധാന കാരണങ്ങളായി കണക്കാക്കുന്നു.
എന്തെങ്കിലും തരത്തിലുള്ള ലൈംഗിക പീഢനമോ, ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവോ,പങ്കാളിയോടുള്ള താൽപ്പര്യക്കുറവോ പങ്കാളിയുടെ ലൈംഗിക പീഢനമോ എല്ലാം ഇത്തരം അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നുണ്ട്.

ചിലരുടെ കാര്യത്തിൽ ഇത് ലൈംഗിക ഉത്തേജനത്തിന്  പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. സെക്സ് വളരെ നന്നായി അവർക്ക് ആസ്വദിക്കാൻ കഴിയും, പക്ഷേ അറിഞ്ഞ് കൊണ്ട് അല്ലെങ്കിലും ലൈംഗിക ബന്ധത്തിന് ഇതൊരു തടസ്സമായി മാറുന്നു.

പങ്കാളിയുടെ ലൈംഗിക പീഢനം ഉണ്ടാക്കുന്ന താല്പര്യക്കുറവ് ഇതിന് ഒരു കാരണമായി പറഞ്ഞുവല്ലോ. ഇതേ സ്ത്രീയ്ക്ക് അവർ ഇഷ്ട്ടപ്പെടുന്ന മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ലാ എന്നുള്ളത് ചിലരിൽ മാത്രം കാണാൻ കഴിയും.

സ്ത്രീ ആയാലും പുരുഷൻ ആയാലും ലൈംഗികത എന്നുള്ളത് വിശപ്പും, ദാഹവും പോലെ ജീവിതത്തിൽ വളരെ പ്രധാന്യമർഹിക്കുന്ന ഒരു വിഷയമാണ്. ഭക്ഷണം ശാരീരിക ആരോഗ്യത്തെയാണ് ബാധിക്കുന്നതെങ്കിൽ ലൈംഗിക അപര്യാപ്തത മാനസിക പ്രശ്നങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നു. ദാമ്പത്യ ബന്ധങ്ങളിലെ ദൃഢതയും, വിള്ളലുകളും മാനസികമായും ശാരീരികമായും എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

സെക്സ് ഒരു സാമൂഹിക വിഷയം കൂടിയാണ്. സമൂഹത്തിന്റെ ഇടപെടൽ ഈ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു എന്നാണ് പലരുടെയും അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഒരു ഉദാഹരണം മാത്രം ഇവിടെ പറയാം.

മുകളിൽ പറഞ്ഞ ചെറുപ്പക്കാരൻ അവന്റെ ലൈംഗിക ജീവിതത്തിലെ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കുകയാണ്.

'ഡാ, ഞാൻ ഒരു കാര്യം പറയട്ടെ. എന്റെ കല്യാണം കഴിഞ്ഞ് കുറച്ച് നാളായി എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമല്ലോ. ആഴ്ച്ചയിൽ നാല്,അഞ്ച് ദിവസമെങ്കിലും സെക്സ് ഞങ്ങൾ നന്നായി ആസ്വദിക്കാറുണ്ട്.
പക്ഷേ ബന്ധപ്പെടൽ അങ്ങോട്ട് പൂർണമാകുന്നില്ല. നിങ്ങളൊക്കെ വലിയ എക്സ്പീരിയൻസ് ഉള്ള ആളുകൾ അല്ലേ. എന്തെങ്കിലും ഉപദേശങ്ങൾ തരാൻ ഉണ്ടോ ?'

കൂട്ടത്തിൽ ഒരുത്തന്റെ മറുപടി വളരെ നിരാശാജനകം ആയിരിക്കും. 'അതൊക്കെ നിനക്ക് തോന്നുന്നതാ, അങ്ങനെ ഒന്നും ഉണ്ടാകില്ല.
നീ ചെയ്യുന്നത് ശരിയായിരിക്കില്ല, അല്ലെങ്കിൽ നിനക്ക് കഴിവ് ഇല്ലാത്തത് കൊണ്ടായിരിക്കും.'

ഇതാണ് നമ്മുടെ ഇടയിൽ കണ്ടുവരുന്ന സാമൂഹിക ഇടപെടൽ. പ്രശ്നം എന്തെന്ന് തേടി നടക്കുന്ന അവനിൽ അപകർഷതാബോധം കുത്തി നിറയ്ക്കുന്നവർ ആയിരിക്കും നമുക്ക് ചുറ്റിനും ഏറെയും.

സെക്സിൽ സംതൃപ്തി കൂടുതൽ കിട്ടേണ്ടത് പുരുഷനാണ് എന്ന ഒരു തെറ്റായ ധാരണ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സ്ത്രീയെ ഒരു ഭോഗവസ്തു മാത്രമായി കാണുന്നവരും നമുക്കിടയിലുണ്ട്. ഇതിനെ ചോദ്യം ചെയ്യാൻ 
പല സ്ത്രീകൾക്കും കഴിയുന്നില്ലാ എന്നുള്ളത് ഒരു സത്യമാണ്.

ദാമ്പത്യ ജീവിതത്തിൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും, കരുതലും,സംരക്ഷണവും ഒക്കെയാണ്. ഇതിന്റെ എല്ലാം പ്രതിഫലനം ആയിരിക്കും അവളെ ഉണർത്തുന്ന ലൈംഗിക ആസക്തി.

ലൈംഗിക വികാരത്തിന്റെ കാര്യത്തിൽ പുരുഷനിൽ നടക്കുന്ന പ്രക്രിയകൾ  ഒരു സ്ത്രീയിൽ ഉണ്ടാകുന്ന പ്രവർത്തനത്തെക്കാൾ പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ലൈംഗിക ചിന്തകളിൽ പുരുഷൻ സ്ത്രീയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു.

ചില ബന്ധങ്ങളിൽ ഒരു സ്ത്രീക്ക് തന്റെ പങ്കാളി, തന്നോട് കാട്ടി കൂടുന്ന പരാക്രമങ്ങളിലൂടെ എന്തൊക്കെയോ ഒരു സുഖം കിട്ടുന്നു എന്നല്ലാതെ അതിന്റെ സംതൃപ്തി എന്തെന്ന് അവർ ഒരിക്കലും അറിയുന്നില്ല. പരാക്രമങ്ങൾ ചിലപ്പോൾ വേദനാജനകം ആയിരിക്കാം. ഈ വേദന പിന്നീട് സ്ത്രീകളിൽ ലൈഗികത അറപ്പും വെറുപ്പും ഉളവാക്കുന്ന ഒന്നാക്കി മാറ്റുന്നു. 

ഇവിടെ സംഭവിക്കുന്നത് പുരുഷന്റെ സമീപനത്തിൽ ഉണ്ടാകുന്ന പാകപ്പിഴകളാണ്. ഈ വിഷയത്തിൽ തങ്ങൾക്ക് ഉള്ള അറിവുകൾ പരസ്പരം പങ്കുവെയ്ക്കാൻ അവർ തയ്യാറാകുന്നില്ല. ഒരു സ്‌ത്രീ അതിന് വേണ്ടി ശ്രമിച്ചാൽ അവളെ മോശമായി ചിത്രീകരിക്കുമോ എന്ന് കരുതി അവളും ഒന്നും തുറന്ന് പറയുന്നില്ല.

ദാമ്പത്യത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളുടേയും അടിസ്ഥാന കാരണം ലൈംഗികത തന്നെയാണ്.പ്രശ്നങ്ങൾ പരസ്പരം തുറന്ന് പറയാൻ പലരും ശ്രമിക്കാറില്ല. നല്ലൊരു ഡോക്ടറിനെ കണ്ട് കൗണ്സിലിങ് നടത്തിയാൽ തീരുന്ന പ്രശ്നങ്ങളാണ് ഏറെയും.

സ്ത്രീകളുടെ വൈകാരിക ഘടകങ്ങൾ അവരെ വജൈനിസ്മസ് പോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ചില സാഹചര്യങ്ങളിൽ, നേരിട്ടുള്ള കാരണങ്ങൾ എന്തെന്ന് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.

രോഗനിർണയം നടത്താൻ ഡോക്ടർ ഒരു ശാരീരിക പരിശോധന നടത്തുകയും മെഡിക്കൽ, ലൈംഗിക ഹിസ്റ്ററി ചോദിച്ചറിയുകയും ചെയ്യുന്നതിലൂടെ ഈ സങ്കോചങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച്  ചില സൂചനകൾ ലഭിക്കാം.അതിന് അനുസരിച്ച് ആയിരിക്കും മുൻപൊട്ടുള്ള ചികിത്സ ആരംഭിക്കുന്നത്.

ഗൈനക്കോളജിക് സർജറി, ട്രോമ അല്ലെങ്കിൽ റേഡിയേഷൻ പോലുള്ള ഘടകങ്ങൾ ഈ അവസ്ഥയ്ക്ക് ചിലപ്പോൾ കാരണം ആകാറുണ്ട്. ചില സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം വജൈനിസ്മസ് കണ്ടുവരുന്നു.ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ, യോനിയിലെ ലൂബ്രിക്കേഷന്റെയും ഇലാസ്തികതയുടെയും അഭാവം ലൈംഗിക ബന്ധത്തെ വേദനാജനകമോ, അസാധ്യമോ ആക്കാറുണ്ട്.

Dyspareunia Causes

വേദനാജനകമായ ലൈംഗിക ബന്ധത്തിനുള്ള മെഡിക്കൽ പദമാണ് Dyspareunia.
വജൈനിസ്മസ് എന്ന അവസ്ഥയുമായി ചിലപ്പോൾ ഇത് കൺഫ്യൂസ് ആകാറുണ്ട്. സിസ്റ്റുകൾ,പെൽവിക് ഇൻഫ്ലമേറ്ററി രോഗങ്ങൾ, വജൈനൽ അട്രോഫി തുടങ്ങി മറ്റ് പല രോഗങ്ങളുമാണ് Dyspareunia കാരണങ്ങൾ.

ലൈംഗിക അപര്യാപ്തത പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഉണ്ടാകാം, എന്താണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞാൽ തീർച്ചയായും ചികിത്സകളിലൂടെ അവ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് ആരുടെയും തെറ്റല്ല,ഇതിൽ ലജ്ജിക്കേണ്ട കാര്യവുമില്ല. ബുദ്ധിമുട്ടുകൾ തുറന്ന് പറയാതിരിക്കുമ്പോൾ അത് ദാമ്പത്യ ജീവിതത്തെയും, 
ജീവിത നിലവാരത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കുന്നു.

Vaginismus Treatment


ലൈംഗിക വിദ്യാഭ്യാസം, കൗൺസിലിംഗ്, വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇതിന്റെ ചികിത്സാരീതികൾ. ചികിത്സിച്ചാൽ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ് വജൈനിസ്മസ്. ദമ്പതികൾ രണ്ട് പേരുടെയും പൂർണ്ണമായ ഇടപെടലുകളാണ് ഇതിന് ആവശ്യം.

സെക്സ് തെറാപ്പിയും കൗൺസിലിംഗും ഈ അവസ്ഥയ്ക്ക് വളരെയേറെ പ്രയോജനകാരമാണ്.ശരീരഘടനയെക്കുറിച്ചും, ലൈംഗിക ഉത്തേജനത്തെ കുറിച്ചും, ലൈംഗിക ബന്ധത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും പഠിക്കുന്നത് ശരീരത്തിന്റെ അവയവങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, നമ്മുടെ ശരീരം ഇതിനായി എങ്ങനെ പ്രതികരിക്കുന്നുവെന്നും മനസിലാക്കാൻ സഹായിക്കുന്നു.

കൗൺസിലിംങ് തീർച്ചയായും പങ്കാളികൾ ഒരുമിച്ച് പങ്കെടുക്കേണ്ട ഒന്നാണ്. ഒരാൾക്ക് മാത്രമായി ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. ലജ്ജിക്കേണ്ട കാര്യമില്ലെന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. വികാരങ്ങളെക്കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ഭയങ്ങളെക്കുറിച്ചും പങ്കാളിയുമായി സംസാരിക്കുന്നത് പ്രശ്നങ്ങൾ സാധൂകരിക്കുന്നതിന് ഏറെ സഹായിക്കും.

ദമ്പതികളുടെ ഇടയിലെ മാനസിക അടുപ്പം വളർത്തുക എന്നുള്ളതാണ് വജൈനിസ്മസ് പോലെയുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിന് ഫലപ്രദമായ മരുന്ന്. ആഴ്ച്ചകൾ കൊണ്ടോ, മാസങ്ങൾ കൊണ്ടോ ഒരു റിസൾട്ട് ഉണ്ടാകണം എന്നില്ല ചിലപ്പോൾ ഒരു വർഷം വരെ എടുത്തേക്കാം. നമ്മളിൽ ഏറെപേർക്കും ഇതൊക്കെ നിസ്സാരമായി തോന്നാം, എന്നാൽ പലർക്കും ഇത് അവരുടെ ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളാണ്.

സോഷ്യൽ മീഡിയയിൽ ഇതുപോലുള്ള വിഷയങ്ങൾ പങ്കുവെയ്ക്കുമ്പോൾ എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ടെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്ന് കരുതി ഇങ്ങനെയുള്ള വിഷയങ്ങൾ ഷെയർ ചെയ്യാൻ പലർക്കും മടിയാണ്.

നമ്മുടെ അറിവുകളും,അനുഭവങ്ങളും പങ്കുവെയ്ക്കുക. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ, അല്ലെങ്കിൽ അവരെ കേൾക്കാൻ അവസരം ഒരുക്കുക. ഒരുപാട് പേരുടെ ജീവിതത്തിൽ അത് വളരെ ആശ്വാസകരം ആയിരിക്കും.

Reference: WebMDHealthline
കടപ്പാട്: Lal Kishor - AIMNA

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.