പയ്യന്നൂർ പവിത്രമോതിരം - - Payyanur Pavithra Mothiram Story in Malayalam

പയ്യന്നൂർ പവിത്രമോതിരം - Payyanur Pavithra Mothiram Story in Malayalam 

പയ്യന്നൂർ പവിത്രമോതിരം



Payyanur Pavithra Mothiram


പവിത്രമോതിരം- അതെ പവിത്രം ഈ മോതിരം - മനുഷ്യനെ ശുദ്ധീകരിക്കുന്ന, മനസ്സിന് സമാധാനം നൽകുന്ന , രോഗ വിമുക്തി നൽകുന്ന പയ്യന്നൂർ പവിത്ര മോതിരം. സകല പ്രപഞ്ച തത്ത്വങ്ങളേയും, സങ്കല്പങ്ങളെയും ശില്പചാരുതയിൽ ആവാഹിച്ച് തീർക്കുന്ന മോതിരം.

   ടിപ്പുവിന്റെ പടയോട്ട കാലത്ത് - 964 മീനമാസം 27ന് - അഗ്നിക്കിരയായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 967ൽ താഴക്കാട്ട് മനയിലെ പരമ ഭക്തയായ ഒരു
അമ്മതിരുമുമ്പ് മുൻകൈയെടുത്ത് പുനർനിർമാണം ആരംഭിച്ചു. ഇരിങ്ങാലക്കുടയിലെ കിഴുപള്ളിക്കര ഗ്രാമത്തിലെ തരണനല്ലൂരില്ലത്തതിനാണ് ക്ഷേത്രത്തിലെ താന്ത്രീക അവകാശം. 1011 മേടം 25ന് നടന്ന നവീകരണ കലശത്തിന് എന്തോ കാരണത്താൽ തരണനല്ലൂരില്ലത്ത് പ്രായ പൂർത്തിയായ ബ്രാഹ്മണർ ഇല്ലാതെ വന്നപ്പോൾ ഇല്ലത്തെ അമ്മ ആകെ വിഷമത്തിലായി .

അപ്പോൾ ഇല്ലത്തെ 10 വയസ്സ് പോലും തികയാത്ത ഒരു ബാലൻ  " ഞാൻ പോകാം അമ്മേ - ഞാൻ പയ്യന്നൂരിൽ പോയി കലശം നടത്തി വരാമമ്മെ. "  എന്ന് പറഞ്ഞപ്പോൾ എട്ടും പൊട്ടും തിരിയാത്ത നീ കലശം നടത്താനോ.  നീ എങ്ങിനെ അവിടെ എത്താനാണ്. ഇത് കേട്ട് അവിടെ എത്തിയ ഒരു ബ്രാഹ്മണൻ അമ്മയോട് പറഞ്ഞു.  വിഷമിക്കേണ്ട ഞാൻ പയ്യന്നൂരമ്പലത്തിലേക്ക് കലശത്തിന് പോകുകയാണ് .

ഒട്ടും മടിക്കേണ്ട ഉണ്ണിയെ എന്റെ കൂടെ വിട്ടോളൂ. പയ്യന്നൂരെ തന്ത്ര കർമ്മം സംബന്ധിച്ച ഓല ഗ്രന്ഥവും എടുത്തോളൂ. തന്റെ കുല ദേവതയായ ശാസ്താക്ഷേത്രത്തിൽ തൊഴുത് അവരിറങ്ങി.  അല്പം നടന്ന് യാത്രാക്ഷീണത്താൽ ഉണ്ണി അല്പം വിശ്രമിച്ചു. ഇങ്ങനെ നടന്നാൽ സമയത്തിനെത്താൻ കഴിയില്ല കുട്ടീ. എന്റെ ചുമലിൽ കയറിക്കോളൂ.

ഞാൻ വേഗത്തിൽ നടന്ന് അവിടെ എത്തിച്ചോളാം, എന്ന് ബ്രാഹ്മണൻ പറഞ്ഞു. എന്നാൽ പാതി മയക്കത്തിൽ താൻ മയിൽ പുറമേറിയാണ് യാത്ര ചെയ്യുന്നത് എന്നാണ് ബാലന് തോന്നിയത്. യഥാസമയം അവർ പയ്യന്നൂർ എത്തി. തന്ത്രിബാലൻ ശ്രീകോവിൽ കയറി നോക്കിയപ്പോൾ കലശപാത്രങ്ങളിൽ ഒന്നും തന്നെ വെള്ളമില്ല. സഹായിക്കാൻ മറ്റ്‌ ബ്രാഹ്മണർ ആരും തന്നെ ഇല്ല. അതാ വരുന്നു വീണ്ടും ആ ബ്രാഹ്മണൻ.

അദ്ദേഹം തന്ത്രിബാലനെ ആശ്വസിപ്പിച്ചു. ബാലൻ ശ്രീകോവിലിന് മുകളിലേക്ക് നോക്കി. അതാ ചെമ്പ് തകിട് വാപിളർന്ന് നിൽക്കുന്നു. പുറത്ത് ഇടിയും മിന്നലും പേമാരിയും .  ഇളകി നിന്ന ചെമ്പ് തകിടിനിടയിലൂടെ പ്രവഹിച്ച ആകാശഗംഗ കലശപാത്രത്തിൽ നിറഞ്ഞു. കലശം ഭംഗിയായി നടന്നു.

 ആരായിരുന്നു ആ വൃദ്ധ ബ്രാഹ്മണൻ. താൻ കൽപ്പിച്ച താന്ത്രീകവിധിക്ക്  വിപരീതമായി പയ്യന്നൂരിൽ തന്ത്രം നടക്കരുതെന്ന് നിർബന്ധമുള്ള , പൂർവീകമായി പ്രതിഷ്ഠനടത്തിയ പരശുരാമനോ, തരണനല്ലൂർ തന്ത്രി കുടുംബത്തിന്റെ പരദേവതയായ ധർമശാസ്താവോ, അതോ സാക്ഷാൽ സുബ്രഹ്മണ്യനോ ?

Pavithrakettu Ring Significance - പവിത്രക്കെട്ട് മോതിരത്തിന്റെ പ്രാധാന്യം 

പയ്യന്നൂർ പവിത്രമോതിരം History





   പണ്ട് കാലത്തേ താന്ത്രീക കർമ്മങ്ങൾക്ക് ഉപയോഗിച്ച് വന്നിരുന്ന ദർഭകൊണ്ടുള്ള പവിത്ര കെട്ട് ഓരോ പ്രാവശ്യം ഉപയോഗിച്ച്
നിലത്ത് കളഞ്ഞാൽ അത് ഐശ്വര്യക്ഷതമാണെന്നറിഞ്ഞതിനാലും , മൂന്ന് പൂജാ വേളകളിലും ദർഭകൊണ്ട് പവിത്രം കെട്ടുന്നതിലെ പ്രയോഗീക വിഷമം കൊണ്ടും അതൊഴിവാക്കി തനിക്ക് താന്ത്രീക കർമ്മങ്ങൾക്ക് വിരലിലണിയാൻ സർണ്ണം കൊണ്ടുള്ള പവിത്രമോതിരം തീർക്കാൻ തന്ത്രിബാലൻ വിധിച്ചു.

അത് നിർമിക്കാൻ ഭാഗ്യം ലഭിച്ചതോ ചുവ്വാട്ട വളപ്പിൽ കേളപ്പൻ പെരും തട്ടാന്. പെട്ടെന്ന് തന്നെ പയ്യന്നൂർ പെരുമാൾക്കൊരു പവിത്ര മോതിരം ശില്പ ചാരുതയോടെ നിർമിച്ച് തിരുനടയിൽ വെച്ചൂ ആ പെരും തട്ടാൻ. ആ പുനപ്രതിഷ്ഠാ നവീകരണ കലശത്തിനാണ് ആദ്യമായി സ്വർണ്ണം കൊണ്ടുള്ള പവിത്ര മോതിരം ഉപയോഗിക്കുന്നത്. ആദിത്യനെ പോൽ പ്രഭയുണ്ടതിന്. 

ത്രിമൂർത്തികളും , സപ്തർഷികളും, ഇടം പിംഗള സുഷുമ്‌ന , എന്നീ നാടികളും , സൂര്യചന്ദ്രന്മാരും 4 വേദങ്ങളും , പ്രതിനിദാനം ചെയ്യുന്ന പവിത്ര മോതിരം ധരിക്കുന്നവർ പവിത്രീകരിക്കപ്പെടും എന്നാണ് വിശ്വാസം. ദർഭയുടെ അർത്ഥം തന്നെ ശുദ്ധീകരിക്കുക എന്നാണ്. 

പവിത്രമോതിരത്തിന്റെ പ്രത്യേകതകൾ - Features of Pavithra Mothiram


പണ്ട് കാലത്ത് 3 ദർഭകൾ പ്രത്യേക പവിത്രകെട്ടിൽ നിർമിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തിൽ നിർമിക്കുന്ന ഈ മോതിരത്തിന്റെ മുകളിൽ കാണുന്ന 3 മുത്തരികൾ ബ്രഹ്മൻ വിഷ്ണു മാഹേശ്വരന്മാരെ പ്രതിനിധീകരിക്കുന്നു. നടുക്കുള്ള പവിത്ര കെട്ടിന്റെ രണ്ട് ഭാഗത്തായി രണ്ട് പരന്ന ചെറിയ വട്ടങ്ങൾ സൂര്യചന്ദ്രന്മാർ. ഒരുവരിയിൽ 7 മുത്തരികൾ വീതം 3 വരികളിലായി പവിത്ര കെട്ടിനിരുവശവും കാണുന്നതോ സപ്തർഷി കൾ. അറ്റത്തെ 4 മുത്തരികൾ 4  വേദങ്ങൾ.

വ്രത ശുദ്ധിയിൽ മൂന്ന്‌ ദിവസങ്ങൾ കൊണ്ട് പണി തീർക്കുന്ന ഈ മോതിരം പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ശ്രീലകത്ത് പേരും നാളും പറഞ്ഞ് പൂജിച്ചതിന് ( പവിത്ര പൂജ ) ശേഷമേ ഉപയോഗിക്കാവൂ എന്നാണ് വിശ്വാസം.

പെരുമാളുടെ 3  നേരത്തെ താന്ത്രീക കർമങ്ങൾക്കും , പിതൃ കർമങ്ങൾക്കും , പ്രധാനമായി ഉപയോഗിക്കുന്ന ഈ മോതിരം ഏവർക്കും നിത്യം ഉപയോഗിക്കാവുന്നതാണ്. വലത്തെ മോതിരവിരലിലാണ് ഇത് അണിയേണ്ടത്.

പണ്ട് പരമശിവൻ ബ്രഹ്‌മാവിന്റെ തല നുള്ളി എടുത്തത് ഈ വിരൽ കൊണ്ടാണത്രെ.  അത് കൊണ്ട് തന്നെ ഈ മോതിരം വിരലിൽ
അണിയുന്നയാളിന്റെ സകല പാപവും നശിക്കും എന്നാണ് വിശ്വാസം.

പവിത്രമോതിരം ഉണ്ടാക്കാനുള്ള ചിട്ടകളും അളവുകളും 


മത്സ്യവും, മാംസവും, മദ്യവും വർജ്ജിച്ച് ചിത്ത ശുദ്ധിയോടെ വേണം ഇതുപയോഗിക്കാൻ.7 പ്രത്യേക കണക്കിൽ നിർമിക്കപ്പെടുന്ന പവിത്രമോതിരത്തിന്റെതൂക്കം- ഒരു പവിത്രം (38.500), മുക്കാൽ പവിത്രം ( 28.900), അര പവിത്രം (19.250), കലെ അരക്കാൽ പവിത്രം (14.450),  1/4 പവിത്രം (9.650), അരക്കാലെ മഹാണി പവിത്രം (7.250) , അരക്കാൽ പവിത്രം (04.850) എന്നിങ്ങനെയാണ്.  ദർഭകൊണ്ടുള്ള പവിത്രകെട്ട് സ്വർണ്ണം കൊണ്ട് ശില്പ ഭംഗിയിൽ തീർക്കുന്ന ഏക സ്ഥലം പയ്യന്നൂർ മാത്രം.

പല ദേശീയ നേതാക്കളും കൈയിലണിയുന്ന പയ്യന്നൂർ പവിത്ര മോതിരത്തിന് ഇത്രയും പ്രശസ്തി ലഭിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് പയ്യന്നൂർ പോലീസ് സ്റ്റേഷന് മുമ്പിലെ സ്തൂപത്തിലെ ബ്രിട്ടീഷ് പതാക , പാറാവ് പോലീസുകാരുടെ കണ്ണ് വെട്ടിച്ച് രാത്രി 2 മണിക്ക് വലിച്ച് താഴ്ത്തി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ പയ്യന്നൂരിലെ പ്രമുഖ സ്വതന്ത്രസമര സേനാനി സി.വി. കുഞ്ഞമ്പു സറാപ്പിന്റെ കാലത്താണ്.

ഇന്ത്യയിലും വിദേശത്തും ഉള്ള എത്രയോ മഹത് വ്യക്തികൾ ഇദ്ദേഹത്തിന്റെ കൈ കൊണ്ട് നിർമിച്ച പവിത്ര മോതിരം ധരിച്ചിരുന്നു. കാലമേല്പിക്കുന്ന കളങ്കമേൽക്കാതെ വിശ്വാസത്തിന്റെ ഉലയിൽ ഊതി കാച്ചിയ സാംസ്കാരിക തനിമയുടെ ഭാഗമായി ഇന്നും ഈ പവിത്രമോതിരം ശോഭിക്കുന്നു. 

                  കടപ്പാട്: ടി.ലക്ഷ്മൺ കുഞ്ഞിമംഗലം

Payyanur Pavithra Mothiram Price

പയ്യനൂർ പവിത്ര മോതിരത്തിന്റെ  വില നിലവിലെ സ്വർണ്ണ നിരക്കിനെയും മറ്റ് നികുതികളെയും സേവന നിരക്കുകളെയും ആശ്രയിച്ചിരിക്കുന്നു. പയ്യനൂർ പവിത്ര മോതിരത്തിന്റെ  ശരാശരി വില ഇതാ

Payyanur Pavithra Mothiram Average Price
Size of the ring Net Weight Gram/M Gram Average Price for Pavithra Ring
1 full Pavithram 38 + 500 Rs. 215000.00/-
3/4 Pavithram 28 + 900 Rs. 160000.00/-
1/2 Pavithram 19 + 250 Rs. 110000.00/-
3/8 Pavithram 14 + 450 Rs. 82000.00/-
1/4 Pavithram 9 + 650 Rs. 56000.00/-
3/16 Pavithram 7 + 250 Rs. 44000.00/-


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.