പൂരമേളവും പൂരത്തിന്റെ ഓർമകളും

പൂര മേളം

പൂരമേളവും പൂരത്തിന്റെ ഓർമകളും


ഫോട്ടോ: മുരളി പയ്യന്നുർ 

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ് ഋതുഭേദങ്ങൾക്ക് കാരണം. മഹാകവി ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടിൽ ആറ് കാലങ്ങളെ കുറിച്ചും മനോഹരമായ വർണനകളുണ്ട്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കൾ .
 ഗ്രീഷ്മത്തിന് തൊട്ടുമുമ്പാണ് വസന്തകാലം ആരംഭിക്കുന്നത്. അതായത് കുംഭമാസത്തിൻ്റെ പൂർവാർദ്ധവും മീനമാസവും(മാഘം, ഫാൽഗുനം) വസന്തകാലമാണ്.

കേരളത്തിലെ തരുലതാദികളിൽ സമൃദ്ധമായി പൂക്കൾ വിരിയുന്ന കാലമാണിത്. കുടകപ്പാല, മുരിക്ക്, ഇലഞ്ഞി, കുമുദ്, ചെമ്പകം, കണിക്കൊന്ന മുതലായ വൃക്ഷങ്ങളിലെല്ലാം കടും വർണങ്ങളിലുള്ള സുന്ദരസൂനങ്ങൾ വിടർന്നു പരിലസിക്കും.

 പുല്ലാനിക്കാടുകളിൽ ജഡപ്പൂക്കൾ (കട്ടപ്പൂക്കൾ ) സമൃദ്ധമായി വിടരും. തോട്ടിറമ്പിലുള്ള അതിരാണിച്ചെടികളിലും നിറയെ പൂക്കളുണ്ടാകും.


കാമനെ പറഞ്ഞയക്കൽ



മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ വടക്കെ മലബാറിൽ പുരോത്സവമാണ്. ഇതൊരു വസന്തോത്സവമാണ്. ആദ്യത്തെ മൂന്ന് ദിവസം കിണറ്റിൻ കരയിലാണ് പൂക്കളിടുക. പിന്നെയുള്ള മൂന്ന് ദിവസം മുറ്റത്തും അവസാനത്തെ മൂന്ന് ദിവസം അകത്തും (പടിഞ്ഞാറ്റയിൽ) പൂക്കളിടും.

ചാണകം കൊണ്ടോ മണ്ണ് കൊണ്ടോ കാമനെയുണ്ടാക്കും. 
ആദ്യ ദിവസങ്ങളിൽ കുഞ്ഞിക്കാമൻമാരെയാണുണ്ടാകുക. കിണറ്റിൻകരയിൽ പൂവിടുമ്പോൾ കാമനെയുണ്ടാക്കില്ല. 
പിന്നെയുള്ള ദിവസങ്ങളിൽ 4,5,6,.. എന്ന ക്രമത്തിൽ കുഞ്ഞിക്കാമൻമാരെയുണ്ടാക്കും.

ചെമ്പകപ്പൂക്കൾ പച്ച ഈർക്കിലിൽ കോർത്ത് കുടയുണ്ടാക്കി കാമൻ്റെ തലയിൽ അണിയിക്കും. അവസാനത്തെ ദിവസമാണ് അച്ചിക്കാമനെയുണ്ടാക്കുക.ഇതിന് നല്ല വലിപ്പുണ്ടാകും. കാമൻ്റെ ശിരസ്സിൽത്തന്നെ മൂന്നോ നാലോ പൂക്കുടകൾ കുത്തി നിർത്തും.


pooramelam - kl86payyanur



ജഡപ്പൂക്കളും പാലപ്പൂക്കളും ചെമ്പകപ്പൂക്കളും കൊണ്ട് മേനി പൊതിയും. അച്ചിക്കാമനെ ചമയിക്കുന്നതിങ്ങനെ. കുന്നിക്കുരു കൊണ്ട് കണ്ണുകൾ, ശംഖുപുഷ്പം കൊണ്ട് കണ്ണെഴുത്ത്,കുമുദിൻ പൂ കൊണ്ട് ചെവി, കിങ്ങിണിപ്പൂ കൊണ്ട് ഞാത്ത്,  എള്ളിൻ പൂ കൊണ്ട് മൂക്ക്, തരക്കിയ അരിമണി കൊണ്ട് പല്ലുകൾ,  ചെമ്പകമൊട്ട് കൊണ്ട് മാലകൾ .... 
എല്ലാമായാൽ മലരമ്പന് ജീവൻ വന്നതു പോലെ തോന്നും.

വീട്ടിലേക്കാവശ്യമായ ഊട്ടൂറൂട്ട് സാധനങ്ങളെല്ലാം വാങ്ങുന്നത് മാടായിക്കാവിനപ്പുറത്ത് വടുകുന്ദത്തടാകത്തിനു ചുറ്റുമുള്ള പൂരക്കടവത്ത് പോയാണ്. ഇവിടെ പച്ചമീനും ഉണക്കമീനും കിട്ടും. 

കല്ല് മരി, ചൂത് മാച്ചി, കുങ്കോട്ട്, കൈക്കോട്ട്, കത്തിയാൾ തുടങ്ങി അച്ഛനെയും അമ്മയെയുമൊഴികെ ഏതു സാധനവും പൂരക്കടവത്തുണ്ടാകും.
പൂരനാളിലെ പൂരംകുളി കാണാൻ ആയിരങ്ങൾ തടാകത്തിനു ചുറ്റും തടിച്ചുകൂടും.പൂരോത്സവനാളുകളിൽ എല്ലാ ദിവസവും മാടായിക്കാവിൽ കലാപരിപാടികളുണ്ടാകും. 

കാവിലെ ഉത്സവം കണ്ട് മടങ്ങുമ്പോൾ, മുന്നിലുള്ള ഇലഞ്ഞിമരച്ചോട്ടിലെ സുഗന്ധമുള്ള ഇലഞ്ഞിപ്പൂക്കൾ കുമ്പിളിൽ പെറുക്കിയെടുത്ത് കുട്ടികൾ മാല കോർക്കും. നടവഴിയിലെല്ലാം മുരിങ്ങാപ്പൂക്കളും ചിക്കിയതുപോലെ വീണിട്ടുണ്ടാകും. അമ്മമാർ അവയെല്ലാം പെറുക്കി വീട്ടിൽ കൊണ്ടുപോയി സ്വാദിഷ്ടമായ മുരിങ്ങാപ്പൂ വറവുണ്ടാക്കും.

പൂരം നാളിൽ കടന്നപ്പള്ളിയിലെ കുറ്യാട്ട് അറ, മുച്ചിലോട്ട്കാവ്, കാനഞ്ചേരിക്കാവ് എന്നിവിടങ്ങളിൽ നിന്നും വെള്ളാലത്തമ്പലത്തിലേക്ക് ഏളത്ത് വരും. അതു കാണാൻ ചിറവക്കിലും വയലിലുമായി ആളുകൾ കൂട്ടം കൂടി നില്ക്കും. രാത്രിയായാൽ കുറ്റ്യാട്ട് അറയിൽ പൂരക്കളിയും മറത്തു കളിയും അരങ്ങേറും. മൂന്ന് സ്ഥലത്തും പൂരംകുളിയുണ്ടാകും.

പൂരോത്സവം പെൺകുട്ടികളുടേതാണെങ്കിലും ആൺകുട്ടികൾക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. ഉയരമുള്ള വൃക്ഷങ്ങളിൽ കയറി പൂക്കൾ പറിച്ചു കൊടുക്കുന്നത് ആൺകുട്ടികളാണ്. പൂരത്തിൻ്റെ അന്ന് സന്ധ്യയ്ക്ക് 
"കാമനെ പറഞ്ഞയക്കൽ" എന്നൊരു ചടങ്ങുണ്ട്. വികാരനിർഭരമായ ചടങ്ങാണത്.

വീട്ടിലെ പൂക്കളെല്ലാം ഒരു കൂട്ടയിൽ വാരിയിടും. ഉണ്ടാക്കിയ കുഞ്ഞിക്കാമൻമാരെയും അച്ചിക്കാമനെയും ശ്രദ്ധയോടെ വാടിത്തുടങ്ങിയ പൂക്കൾക്കിടയിൽ വീഴാതെ ഇരുത്തും. ഉറക്കെ കുരവയിട്ട് അവയെല്ലാമെടുത്ത് തൊട്ടടുത്ത പ്ലാവിൻ്റെ ചുവട്ടിൽ കൊണ്ടുപോയി ചെരിയും. നിലവിളക്ക് കത്തിച്ചു വെയ്ക്കും. നടുക്ക് വാൽകിണ്ടി വെയ്ക്കും. ചെമ്പകപ്പൂ കൊണ്ട് ഒരിക്കൽക്കൂടി പൂവിന് വെള്ളം കൊടുക്കും. പ്രായമുള്ള അമ്മാമ്മ നീട്ടിപ്പാടും.

" ഇനിയത്തെ കൊല്ലം നേരത്തേ കാലത്തേ വരണേ കാമാ ..
കല്ലിലും മുള്ളിലും ചവിട്ടല്ലേ കാമാ ..."

അതും പാടി, പ്ലാവിലയിൽ ചുട്ടെടുത്ത 
പൂരടകൾ, ചെറുപഴങ്ങൾ എന്നിവ പൂക്കൾക്കിടയിൽ പൂത്തു വെയ്ക്കും. അമ്മമാരും പൂക്കുഞ്ഞുങ്ങളും വിളക്കും കിണ്ടിയും കൂട്ടയുമായി പിന്തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് മടങ്ങും. അപ്പോൾ ആൺകുട്ടികൾ മത്സരിച്ച് ഓടി വന്ന് പൂര ടയും ചെറുപഴവും വാരിയെടുത്ത് തിന്നും.
രസമായിരുന്നു ആ കാലം.

പൂരോത്സവം, പൂരക്കാവുകൾ, പൂവിടൽ .....


അത്യുത്തര കേരളത്തിലെ ഭഗവതിക്കാവുകളിൽ മീനപ്പൂരത്തിനു സമാപിക്കത്തക്കവിധം ഒൻപതു നാളുകളിലാണ് പൂരാഘോഷം .......
പൂരക്കാലത്തു പൂരക്കുഞ്ഞുങ്ങൾ (പെൺകുട്ടികൾ) പൂരക്കാവുകളിൽ താമസിച്ചു, പ്രഭാതത്തിനു മുൻപ് പൂക്കുരിയ (പൂക്കുട) യുമായിച്ചെന്നു പൂക്കൾ ശേഖരിച്ചു ക്ഷേത്രത്തിൽ പൂവിടുന്ന ചടങ്ങുകൾ നടത്താറുണ്ട്

പയ്യന്നുർ തലേന്നേരിക്കാവിലെ പൂരക്കുഞ്ഞുങ്ങൾ........
പൂക്കളുമായി ക്ഷേത്രത്തിലേക്ക്

പൂരക്കുഞ്ഞുങ്ങൾ




ഒരു വടക്കൻ പൂരത്തിന്റെ ആരവം


മീനത്തിലെ കാർത്തിക മുതൽ പൂരം ( വൈശാഖ മാസത്തിൽ ) വരെയുള്ള എട്ടു ദിനരാത്രങ്ങൾ ചരിത്രാതീത കാലം മുതൽ വടക്കൻ മലബാറിൽ
പൂവിളിയും, കുരവയുമായി പൂരം ആഘോഷിക്കാറുണ്ട് . പഴയ കൂട്ടുകുടുംബ വ്യവസ്‌ഥയിൽ പെൺകുട്ടികൾക്കു ഉണ്ടായിരുന്ന അതുല്യമായ പരിഗണനയുടെയും, വാത്സല്യത്തിന്റെയും നേർക്കാഴ്ചയായിരുന്നു വടക്കൻ മലബാറിന്റെ പൂരക്കുളി.

 പിൽക്കാലങ്ങളിൽ ആഘോഷങ്ങൾക്ക് മോടി കൂട്ടാനായി പുരുഷന്മാരുടെ പൂരക്കളിയും സാർവ്വത്രികമായി.

പെൺകുട്ടി ജനിച്ച ശേഷം ആദ്യമാഘോഷിക്കുന്ന പൂരത്തിന് കോടിപ്പൂരം എന്ന് പറയും. കാർത്തിക മുതൽ പൂരം വരെയുള്ള എട്ടു നാളുകളിൽ ഒന്ന്, മൂന്നു, അഞ്ചു, ഏഴു എന്നിങ്ങനെയുള്ള ( ഒറ്റ നമ്പരുള്ള ) ദിവസങ്ങൾ പൂവിടൽ നടത്തും.

സദ്ഗുണ സമ്പന്നനായ ഭർത്താവിനെ ലഭിക്കാൻ കാമദേവനെ വീട്ടിൽ ആരാധിക്കുന്നന്നതാണ് ആശയപരമായുള്ള ഈ ആഘോഷത്തിന്റെ പ്രസക്തിയെന്ന് പറയപ്പെടുന്നു.

മകo നാളിൽ കാമദേവന്റെ പുഷ്പങ്ങൾക്കൊണ്ടുള്ള രൂപമുണ്ടാക്കി, ദീപം തെളിച്ചു, അരിയിട്ട് തൊഴുതു ചടങ്ങുകൾക്കു മാറ്റ് കൂട്ടുന്നു. കാമദേവന്റെ രൂപം കാട്ടിൽ നിന്നും ലഭിക്കുന്ന നരയൻ പൂവിൽ നിലത്തു ഉണ്ടാക്കി, നിറപ്പകിട്ടാക്കാൻ ചെമ്പകം , എരിക്കിൻ പൂ, ചെക്കിപ്പൂ മുതലായവ ഉപയോഗിക്കുന്നു.

 പൂവിടൽ നടത്തുന്ന പെൺകുട്ടികൾക്കു 10 വയസ്സ് തികയാൻ പാടില്ലെന്നാണ് ശാസ്ത്രം.

പുത്തൻ ഉടുപ്പും, ആഭരണങ്ങളും പൂവിടുന്ന പെൺകുട്ടികൾക്കു സമ്മാനമായി നൽകി അനുഗ്രഹിക്കാൻ പ്രായമെത്തിയ സ്ത്രീകൾക്കു അവസരം കിട്ടുന്നു.

'കാമനെ ' നോക്കാൻ വരുന്നവർക് മകം, പൂരം ദിവസങ്ങളിൽ ഉണ്ണിയപ്പവും, കാമന്റെ കഞ്ഞിയും കൊടുത്തു സത്കരിക്കും. പച്ചയരി നന്നായി വേവിച്ചുള്ള
' ബരിയെതും ', മത്തൻ കൊണ്ടുള്ള ഇളം മധുരമുള്ള എലിശ്ശേരിയും ആണ് കാമന്റെ കഞ്ഞി. ഉണ്ണിയപ്പവും സന്ദർശകർക്കു നൽകും.

പുഷ്പചിത്രം
പുഷ്പചിത്രം




പുഷ്പങ്ങളും തളിരുകളും കൊണ്ട് നിലത്തു രൂപപ്പെടുത്തുന്ന കളങ്ങൾ ശില്പമെന്ന വിഭാഗത്തിൽപ്പെടും. ധൂളീചിത്രമെന്നതുപോലെത്തന്നെ പുഷ്പചിത്രങ്ങളും ജ്യാമിതികം, സരൂപം എന്നിങ്ങനെ രണ്ടു പ്രകാരമുണ്ട്. ഓണക്കാലത്തും മറ്റുമിടുന്ന പൂക്കളങ്ങൾ വിവിധ ജ്യാമിതിക രൂപങ്ങളിലാണ് സജ്ജമാക്കുന്നത്. എന്നാൽ, വടക്കൻ കേരളത്തിൽ പൂരോത്സവകാലത്ത് പൂക്കൾകൊണ്ട് കാമദേവൻ കളമിടുന്നത് സരൂപ ചിത്രമായിട്ടുതന്നെയാണ്. മീനമാസത്തിലെ പൂരത്തിനു സമാപിക്കത്തക്കവിധം ഒൻപതു നാളുകളിൽ വിവിധ പൂഷ്പങ്ങൾ ശേഖരിച്ച് വനിതകൾ കാമദേവപൂജ നടത്തുകയും പൂരം നാളിൽ ആ പൂക്കൾ കൊണ്ട് കാമദേവന്റെ സ്വരൂപമുണ്ടാക്കുകയും ചെയ്യുക പതിവാണ്. ഈ പൂക്കളെ പൊതുവെ പൂരപ്പൂക്കൾ എന്നാണ് പറയുക. കുട്ട, എരിക്കിൻപൂ, മുരിക്കിൻപൂ, അതിരാണിപ്പൂ, പാലപ്പൂ, ചെമ്പകപ്പൂ, വയറഷ, ഇലഞ്ഞിപ്പൂ, മുല്ലപ്പൂ, കൈതച്ചു, ആലോത്തിൻപൂ, തുടങ്ങിയവയാണ് സാധാരണമായി കാമൻകളത്തിന് ഉപയോഗിച്ചുകാണുന്നത്. മാക്കബ്ഭഗവതിത്തോറ്റം കെന്തോൻപാട്ടിനു പാടുന്ന കന്നൽപ്പാട്ട് തുടങ്ങിയവയിൽ കന്യകമാരുടെ പൂരവ്രതത്തെയും കാമപൂജയെയും പൂക്കാമന്റെ നിർമാണത്തെയും പറ്റി പരാമർശിക്കുന്നുണ്ട്.

കരിവെള്ളൂർ വില്ലേജിലെ പാലക്കുന്നിനു സമീപമുള്ള കൊട്ടുക്കര നമ്പിയുടെ തറവാട്ടിൽ പൂക്കൾകൊണ്ടു നിർമിക്കാറുളള കാമൻകളം പ്രത്യേകമെടുത്തുപറയത്തക്കതാണ്. കരിവെള്ളൂർ മുച്ചിലോട്ടു ഭഗവതിയുടെ കോമരം, പൂരം നാളിൽ രാത്രിയിൽ അവിടെ ആഘോഷപൂർവ്വം എത്തുകയും കാമൻകളം കണ്ട് വന്ദിക്കുകയും പതിവുണ്ട്.

കൊട്ടുക്കരയിലെ പ്രസ്തുത പൂക്കളം കാമൻ പൂമെത്തയിൽ മലർന്നുകിടക്കുന്ന തരത്തിൽ, ആറടിയിലധികം ദൈർഘ്യമുള്ളതായിരിക്കും. തെച്ചിപ്പൂവ്, നരയൻപൂവ് (കരിപുരട്ടി കറുപ്പുനിറമുളളതാക്കും), എരിക്കിൻപൂവ്, മാവിൻപൂവ് മാത്തൊലി ചുരണ്ടിയെടുക്കുന്ന പൊടിയും ഉപയോഗിക്കും, അതിരാണിപ്പൂവ്, ശംഖുപുഷ്പം എന്നിവയാണ് കൊട്ടുക്കരക്കാരന്റെ നിർമാണത്തിന് ഇന്ന് ഉപയോഗിക്കുന്നത്. കാമൻകളത്തിലെ വെളുത്ത വരകളെല്ലാം മാമ്പൂവ് കൊണ്ടുള്ളതായിരിക്കും. അതിനിടയിൽക്കാണുന്ന കറുത്ത വരകൾ കറുപ്പുനിറം വരുത്തിയ കുട്ടപ്പൂക്കൾകൊണ്ടുള്ളവയാണ്. വെളുത്ത വരകൾക്കിടയിൽ അതിരാണിപ്പൂവും അലങ്കരിക്കും. വരകൾ കൂട്ടിമുട്ടുന്ന സസുകളിലെ വൃത്തങ്ങളിലെ രേഖകൾ വെളുപ്പ്, കറുപ്പ്, വെളുപ്പ് എന്നി ക്രമത്തിലായിരിക്കും, അതിനകത്ത് തെച്ചിപ്പൂവിട്ട്, അതിന്റെ മധ്യത്തിൽ ചമ്പകപൂവ് പ്രത്യേകരീതിയിൽ കാട്ടിവയ്ക്കും . കാമന്റെ മാലയും പൂണുനൂലും എരിക്കിൻ പൂക്കൾകൊണ്ടുള്ളവയാണ്. പൂണുനൂലിന് മാമ്പൂവുകൂടി ഉപയോഗിക്കും. മൂക്ക് രൂപപ്പെടുത്തുവാനും മാമ്പൂവ് വേണം. നാഭി, സന്ദേശം എന്നിവ ചമ്പകപ്പൂക്കൾ കൊണ്ടാണ് അലങ്കരിക്കുക.
(ഡോ. എം. വി. വിഷ്ണു നമ്പൂതിരിയുടെ കളമെഴുത്ത് ഒരു പൈതൃകകല എന്ന ഗ്രന്ഥത്തിൽ നിന്നും)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.